ദില്ലി: കൊല്ലങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങളില്‍ കുരുങ്ങിയ അയോധ്യ – ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് വിധി പറയും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40-ാമത്തെ ദിവസമാകും.
1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് മറുവാദവും ഉയര്‍ത്തുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്. തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്. ഇന്ന് കേസ് വിധി പറയാന്‍ മാറ്റിവെക്കും. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കില്‍ വീണ്ടും, കേസ് ഒരിക്കല്‍ക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേള്‍ക്കേണ്ടി വരും. അതായത്, ഈ പ്രക്രിയ മുഴുവന്‍ ആവര്‍ത്തിക്കേണ്ടി വരും.

ആയിരക്കണക്കിന് രേഖകള്‍
ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16-നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ തിരക്ക് പിടിച്ച് വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കരുതെന്ന് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികള്‍ ശക്തമായി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകിട്ട് അഞ്ച് മണി വരെ തുടരുമെന്നും, ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്കാന് സമയം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇഴഞ്ഞു നീങ്ങിയിരുന്ന കേസ്..
ചരിത്രപരമായ വിധിപ്രസ്താവത്തിന് സുപ്രീംകോടതിയുടെ പക്കല്‍ വെറും നാലാഴ്ച മാത്രമാണ് ബാക്കി. ആ സമയത്തിനുള്ളില്‍ വിധിപ്രസ്താവം തയ്യാറാക്കുന്നത് വെല്ലുവിളി തന്നെയാകും. പതിറ്റാണ്ടുകളായി സുപ്രീംകോടതിയില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന കേസ്, ദൈനംദിന വാദംകേള്‍ക്കലുമായി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് ചീഫ് ജസ്റ്റിസാണ്. അയോധ്യയിലെ പ്രധാന തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനാണ് അലഹബാദ് ഹൈക്കോടതി 2010 സെപ്റ്റംബറില്‍ വിധിച്ചത്. 1992 ഡിസംബര്‍ 6-ന് കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിക്കും വരെ പള്ളി നിലനിന്ന ഭൂമിയടക്കമാണിത്. നിര്‍മോഹി അഖാരയ്ക്കും, സുന്നി വഖഫ് ബോര്‍ഡിനും, രാംലല്ല വിരാജ്മാനിനുമായി മൂന്നായി തുല്യമായി വിഭജിക്കാനായിരുന്നു നിര്‍ദേശം. ഇതില്‍ എല്ലാ കക്ഷികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസില്‍ മധ്യസ്ഥശ്രമം തുടങ്ങിയപ്പോള്‍ ആദ്യം പിന്മാറിയത് ഹിന്ദുസംഘടനയായ രാംലല്ല വിരാജ്മാനാണ്. ഒത്തുതീര്‍പ്പ് സമ്മതമല്ലെന്ന് ഈ സംഘടന അറിയിച്ചതോടെ സുന്നി വഖഫ് ബോര്‍ഡും സമവായത്തില്‍ നിന്ന് പിന്മാറി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം. അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകള്‍ വാദിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി മാറും അയോധ്യ കേസ്.



