ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം ആഗോള വ്യാപകമായി കുതിച്ചുയരുന്നതിനിടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ സ്കൂളുകളും മാളുകളും സ്വിമ്മിംഗ്പൂളുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഒവിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ തമ്മില്‍ അടുത്തിടപഴകരുതെന്നും ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് കര്‍ശന നിയന്ത്രണങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

