ബെംഗളൂരു: പറക്കാന്‍ കഴിയുന്ന എഞ്ചിന് ഘടിപ്പിച്ച ജെറ്റ്പാക്ക് സ്യൂട്ടുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യവും. ബെംഗളൂരു ആസ്ഥാനമായുള്ള അബ്സലൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിര്‍മമിച്ച 48 ജെറ്റ്പാക്ക് സ്യൂട്ടുകളാണ് പരീക്ഷണത്തിനായി ഉപയോഗിക്കുക. മാര്‍ച്ചില്‍ പരീക്ഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എയ്റോ ഇന്ത്യ ഷോയില്‍ പ്രദര്‍ശിപ്പിച്ച ജെറ്റ്പാക്ക് സ്യൂട്ടുകള്‍ ഉപയോഗിച്ച് പക്ഷികളെപ്പോലെ പറക്കാന്‍ സൈനികര്‍ തയ്യാറാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ജെറ്റ്പാക്കുകളുടെ പ്രവര്‍ത്തനം ഇങ്ങനെ
ടര്‍ബോ എഞ്ചിന് ഉള്‍പ്പെടെ അഞ്ച് എഞ്ചിനുകളാണ് ജെറ്റ്പാക്ക് സ്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരമുള്ള സൈനികരുമായി പറക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റര്‍ പറക്കാനുള്ള കഴിവുണ്ട്. മൈലേജിന്റെ കാര്യത്തില്‍ കൂടുതല്‍ ഇന്ധനക്ഷമത നേടുന്നതിനുള്ള ഗവേഷണം തുടരുകയാണ്. ധരിക്കാവുന്ന ജെറ്റ്പാക്കില്‍ ഡീസല്‍ ടാങ്ക്, ഇലക്ട്രോണിക്സ് എന്നിവയുടെ ഒരു ബാഗ്പാക്ക് അടങ്ങിയിട്ടുണ്ട്. ടാങ്ക് കപ്പാസിറ്റി 30 ലിറ്റര്‍ ഡീസല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ഗ്യാസ് ടര്‍ബൈന്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലും 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തിലും ഒരു സൈനികനെ ഉയര്‍ത്താന്‍ ജെറ്റ്പാക്ക് സ്യൂട്ടിന് കഴിയും. രണ്ടു വര്‍ഷമെടുത്താണ് സ്യൂട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ പരിശോധനകള്‍ക്കു ശേഷം സ്യൂട്ടുകളുടെ നിലവാരം ബോധ്യപ്പെട്ടാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ തയ്യാറാക്കുന്നതിന് കമ്പനിയുമായി കരാര്‍ ഒപ്പിടും. എത്തിപ്പെടാന്‍ പറ്റാത്ത പ്രദേശങ്ങളിലെത്താന്‍ സൈനികര്‍ക്ക് സ്യൂട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണിതിന്റെ നേട്ടമെന്നും അബ്സലൂട്ട് കോമ്പോസിറ്റുകളുടെ മാനേജിംഗ് ഡയറക്ടര്‍ രാഘവ് റെഡ്ഡി പറഞ്ഞു.


