ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച അറസ്റ്റ് ചെയ്യും. കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന ഇഡിയുടെ അപേക്ഷ ഡല്‍ഹി പ്രത്യേക കോടതി അനുവദിച്ചു. ഇതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്.
ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ അപേക്ഷ. സമാന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബര്‍ അഞ്ച് മുതല്‍ തിഹാര്‍ ജയിലിലാണ്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി.
തിങ്കളാഴ്ചയാണ് ഇഡി രണ്ട് അപേക്ഷകളുമായി കോടതിയെ സമീപിച്ചത്. കോടതി ഇന്ന് രണ്ട് സാധ്യതകളാണ് ഇഡിക്ക് മുന്നില്‍വച്ചത്. ആദ്യത്തേത്, കോടതി പരിസരത്ത് ചിദംബരത്തെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്യുക പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. രണ്ടാമത്തേത്, അടുത്ത ദിവസം തിഹാര്‍ ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്യുക. ഇതില്‍ രണ്ടാമത്തെ നിര്‍ദേശമാണ് ഇഡി സ്വീകരിച്ചത്. ചിദംബരത്തെ സാധിക്കുന്ന അത്ര വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
റോസ് അവന്യൂ കോടതി പരിസരത്ത് ചോദ്യം ചെയ്യകുകയും ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യാമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഉടനെ ഇതില്‍ ഇടപെട്ടു. വ്യക്തിയുടെ അന്തസ് തീര്‍ച്ചയായും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ഇതോടെ ബുധനാഴ്ച രാവിലെ തിഹാര്‍ ജയിലില്‍നിന്നും അറസ്റ്റ് ചെയ്യാനും വൈകുന്നേരം നാലിന് കോടതിയില്‍ ഹാജരാക്കാമെന്നും ഇഡി നിലപാട് അറിയിച്ചു.