ഗുരുഗ്രാം: കാറില്‍ നിന്നും കളളനോട്ടുകള്‍ വലിച്ചെറിഞ്ഞ് അപകരകരമായ രീതിയില്‍ വാഹനമോടിച്ച നാല് പേര് അറസ്റ്റില്‍. യൂട്യൂബര്‍ ജോരാവര്‍ സിംഗ് കല്‍സിയെയും(24) കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു വെബ് സീരീസിലെ രംഗം അനുകരിച്ചാണ് സംഘം നോട്ടുകെട്ടുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 279, 336,283 എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സുശാന്ത് ലോക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്‍സി ഡല്‍ഹിയിലെ തിലക് നഗര്‍ സ്വദേശിയാണ്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റ് മൂന്ന് യുവാക്കളെയും പിടികൂടിയത്. വീഡിയോ നിര്‍മ്മിക്കുന്നതിനായി പ്രതികള്‍ വ്യാജ നോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് കല്‍സി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു റീല്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ കല്‍സിയും ഒരു സഹപ്രവര്‍ത്തകനും, ഷാഹിദ് കപൂര്‍ അഭിനയിച്ച വെബ് സീരീസായ ഫര്‍സിയിലെ ഒരു രംഗം പുനര്‍നിര്‍മ്മിച്ചു. റീലില്‍, കല്‍സി തന്റെ കൂടെയുളള ആളോട് കാറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ എറിയാന്‍ പറയുന്നതായും വീഡിയോയില്‍ കാണാം. പിന്നീട് കാറിന്റെ ഡിക്കിയില്‍ നിന്ന്് വ്യാജ കറന്‍സി നോട്ടുകള്‍ എറിയുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് സാഹിദിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
ലക്ഷക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കല്സിന്റെ വീഡിയോ കണ്ടത്. ഇത് റെക്കോര്‍ഡ് ചെയ്യാന്‍ അനുമതി തേടിയിരുന്നോ എന്ന് തുടങ്ങി ധാരാളം ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ 3.51 ലക്ഷം സബ്സ്ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 342 കെ ഫോളോവേഴ്സും ഉള്ള ഒരു മീഡിയ ഇന്‍ഫ്ളുവന്‍സറാണ് കല്‍സി.