നീറ്റ് – യുജി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷ പാസായി. ഇതിൽ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം. ഈ വർഷം പരീക്ഷ എഴുതിയ ദിനേശ് ബിവാലിന്റെ മകൻ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ചോദ്യ പേപ്പർ ചോർച്ചക്കേസിൽ രാജസ്ഥാനിൽ ബിജെപിയുടെ സജീവ പ്രവർത്തകൻ ദിനേശ് ബിൻവാളും സഹോദരനും അറസ്റ്റിലായത്. കേസിൽ 24 പേർ സിബിഐ കസ്റ്റഡിയിൽ ഉണ്ട്.
മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോർച്ചയുടെ ഉദ്ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ. ശുഭത്തിന് ചോദ്യപേപ്പർ നൽകിയ കേസിലെ ഉദ്ഭവ കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവർക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.


