ഇടുക്കി: വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാര്‍കൂട യാത്ര ഇന്ന് ആരംഭിക്കും. വനിതകളെ തടയും എന്ന് കാണിക്കാര്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. വനിതകള്‍ക്കും ട്രക്കിംഗ് അനുവദിച്ച ആദ്യത്തെ യാത്രയാണിത് . 47ദിവസത്തെ യാത്രക്കായി 4700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 100 പേര് വനിതകളാണ്.
വനിതകള്‍ക്ക് അഗസ്ത്യാര്‍ക്കൂട യാത്രക്ക് അനുമതി നല്കിയ ആദ്യ വനയാത്ര എന്ന പ്രത്യേകതയാണ് ഇത്തവണത്തെ യാത്രക്കുളളത്. യാത്രികര്‍ രാവിലെ 7 മണിയോടെ ബോണക്കാട് എസ്റ്റേറ്റിനടുത്തുള്ള പിക് അപ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന് പേര് രജിസ്റ്റര്‍ ചെയ്യാനാരംഭിക്കും. രജിസ്ട്രേഷന്പാസ്സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടേയും മറ്റ് പരിശോധനകള്‍ക്കും ശേഷം 20 പേരടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാനുമതി നല്‍കുക.ഏട്ടരയോടെ ആദ്യ സംഘം യാത്രതിരിക്കും. ഒരോ സംഘങ്ങളിലും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗൈഡുമാര്‍ ഉണ്ടാവും. ബോണക്കാട്ടും അതിരുമല ബേസ് സ്റ്റേഷനിലും ക്യാന്റീന് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വനിത ഗാര്‍ഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മലകയറുന്നവര്‍ക്കായി അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.

