ബെംഗളൂരു : ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ഭാര്യ ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചതോടെ. ഭര്‍ത്താവ് നല്കിയ പരാതിയില്‍ ബെംഗളൂരു യശ്വന്തപുരത്തു താമസിക്കുന്ന പദ്മയെ (36) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് മഞ്ജുനാഥ് 50 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മഞ്ജുനാഥിന്റെ വിവാഹേതര ബന്ധത്തെചൊല്ലി ഇരുവരും വഴക്കുകൂടുകയും ഒടുവില്‍ അടുക്കളയില്‍ ചെന്ന് പദ്മ തിളച്ച എണ്ണയെടുത്ത് മഞ്ജുനാഥിന്റെ മുഖത്തും നെഞ്ചിലുമൊഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുനാഥിനെ അയല്പക്കത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഒന്‍പത് വര്‍ഷം മുമ്ബാണ് പദ്മയും മഞ്ജുനാഥും വിവാഹിതരായത്.

