ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’യുടെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ചാനൽ പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കുമെന്നു കമ്മിഷൻ നിരീക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞടുപ്പ് കമ്മിഷന്റെ നടപടി. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസും ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.

പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു പരിപാടികൾ.

