ന്യൂഡെല്‍ഹി: 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള ബിൽ ലോക്സഭ പാസാക്കി. കോണ്‍ഗ്രസ്സും സി.പി.എമ്മും അടക്കം 323 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. മുസ്ലിം ലീഗിന്റെ രണ്ട് എം.പിമാരും അസദുദ്ദീന്‍ ഉവൈസിയും മാത്രമാണ് എതിര്‍ത്തത്. ബില്‍ ഇന്ന് രാജ്യസഭയില്‍ വരും.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും പൊതു, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്ലാണ് ലോക്സഭ പാസാക്കിയത്. വേണ്ടത്ര ചര്‍ച്ചയില്ലാതെ ബില്‍ തയ്യാറാക്കിയതും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അവതരിപ്പിച്ചതും അടക്കം വിവിധ കാര്യങ്ങളില്‍ ബില്ലിനോട് കോണ്‍ഗ്രസ്സും സി.പി.എമ്മും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ചയില്‍ വിയോജിച്ചു. പക്ഷേ വോട്ടെടുപ്പില്‍ അനുകൂലിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസിയും എതിര്‍ത്തു. ചില ഭേദഗതികളില്‍ മാത്രം ആര്.ജെ.ഡിയുടെ രണ്ട് എം.പിമാരും എതിര്‍ത്ത് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയും ബദ്റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് പാര്‍ട്ടിയും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാജ്യസഭയിലും ഇതേ നിലപാട് തന്നെയാകും പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരുക.

