സിക്കിo : സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം 77 ആയി. പ്രളയബാധിത സംസ്ഥാനത്ത് ആകെ 77 മരണങ്ങൾ സ്ഥിരീകരിച്ചുവെന്ന് എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ 29 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ അനിൽരാജ് റായ് പറഞ്ഞു.
ഒക്ടോബർ മൂന്നിന് ഹിമ തടാകം പൊട്ടിത്തെറിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളപ്പൊക്കമുണ്ടായി നാല് ദിവസത്തിന് ശേഷം ടീസ്റ്റ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും, മിക്കയിടത്തും റോഡുകൾക്കും പാലങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും വ്യാപകമായ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഇത് മൂലം നിരവധി ആളുകളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്.
പ്രളയത്തിൽ കുടുങ്ങിയ 2500ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ഡിസാസ്റ്റർ കൺട്രോൾ റൂം അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം എയർലിഫ്റ്റ് രക്ഷാപ്രവർത്തനം വൈകുന്നതിനാൽ, സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകദേശം മൂവായിരത്തോളം പേർ ഇപ്പോഴും സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്.
വടക്കൻ സിക്കിമിലെ ചുങ്താങ്ങിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) റെസ്ക്യൂ ടീം നടത്തിയ റോപ്പ്വേ വഴി 52 പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പെടെ 56 സാധാരണക്കാരെ ഞായറാഴ്ച വിജയകരമായി രക്ഷപ്പെടുത്തി.
അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ 48 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി ജൽപായ്ഗുരി ജില്ലാ പോലീസ് അറിയിച്ചു. ഇവിടെ നിന്ന് 100ഓളം പേരെ കാണാതായതായി ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു.


