ഭൂമി ഇടിഞ്ഞ് താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലും കര്‍ണപ്രയാഗിലും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുന്നു. അതിശൈത്യവും റോഡുകള്‍ തകര്‍ന്നതും ഒഴിപ്പിക്കലിനെ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. പ്രദേശം വലിയ തോതില്‍ ഇടിഞ്ഞു താഴാനും വെള്ളം കയറാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
നൂറുകണക്കിന് വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായിത്തീര്‍ന്ന ജോശീമഠില് പുരധിവാസപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വിവിധ ഘടകങ്ങള്‍ ഇത്തരമൊരു ഭൗമപ്രതിഭാസത്തിന് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് വിശദീകരിക്കുകയാണ് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടര്‍ കാലാചന്ദ് സെയിന്‍. മനുഷ്യനിര്‍മിതവും പ്രകൃത്യാലുള്ളതുമായ വ്യത്യസ്തഘടകങ്ങള്‍ ജോശീമഠിലെ ഭൂമി ഇളക്കമുള്ളതാക്കിത്തീര്‍ത്തിട്ടുണ്ടാവാമെന്ന് കാലാചന്ദ് സെയിന്‍ പറയുന്നു.
പട്ടണത്തിലെ പലവീടുകളും പാര്പ്പിടയോഗ്യമല്ലാതായിത്തീര്ന്നിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒഴിപ്പിച്ച ശേഷം ജോശീമഠിലെ ഭൂകമ്പസാധ്യതകളെ കുറിച്ച് പഠനം നടത്തുകയും ജലനിര്‍ഗമന മാര്‍ഗങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യുന്നത് അഭികാമ്യമാണെന്നും സെയിന്‍ അഭിപ്രായപ്പെട്ടു.
ജോശീമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായത്. ഇവിടെ 561 വീടുകള്‍ അപകടനിലയിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റോഡുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 600 ഓളം വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തരനടപടികള്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ചിരുന്നു. ഭൗമപ്രതിഭാസത്തെ കുറിച്ച് പഠനം നടത്താനായി കേന്ദ്രം വിദഗ്ധസംഘത്തെ നിയോഗിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമാകണമെന്നും വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കണമെന്നും ധാമി നിര്‍ദേശം നല്‍കിയിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രമുള്‍പ്പെടെ തകര്‍ന്നുവീണത് ജനങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കിയിരുന്നു.
അതേസമയം ആസൂത്രണമില്ലായ്മയും വന്‍കിട നിര്‍മ്മാണവുമാണ് ജോഷിമഠിലെ അവസ്ഥയ്ക്ക് കാരണമെന്ന് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായം ആവശ്യമുള്ളവരിലേക്ക് എത്തണമെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.


