സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും ഒരു വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാല്‍ ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്റെ വിധിയില്‍ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.
ഭരണഘടന ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി, സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി കൂട്ടിച്ചേര്‍ത്തു. ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്നായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സുപ്രധാനമായ നിരീക്ഷണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് ജസ്റ്റിസ് ബേല പറഞ്ഞു. കേശവാന്ദ ഭാരതി കേസിലെ വിധിയുടെ ലംഘനമില്ലെന്ന ജസ്റ്റിസ് ബേല വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നോക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.


