ബംഗലൂരു : ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യം കൈവരിക്കാത്തതില്‍ തളരരുതെന്നും നിരാശപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിന് തൊട്ടരുകില്‍ വരെ നമ്മള് എത്തി. തടസ്സങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യാക്കാരനും ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ട്. ബഹിരാകാശ പദ്ധതിയില്‍ നാം അഭിമാനിക്കുന്നു. ചന്ദ്രനെ തൊടാനുള്ള നിശ്ചയദാര്‍ഡ്യം ദൃഢമായി. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ശാസ്ത്രജ്ഞരെയും കുടുംബത്തെയും അഭിനന്ദിക്കുന്നു. കൂടുതല്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


