അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 8 ലക്ഷം രൂപയെന്ന വാര്‍ഷിക വരുമാനം ഈ അധ്യയന വര്‍ഷത്തിലും തുടരും.
സംവരണത്തിന് എട്ട് ലക്ഷം രൂപ വരുമാന പരിധിവെച്ചതില് സുപ്രിം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം വിദഗ്ധ സമിതിയെ രൂപീകരിക്കുകയും സംവരണത്തില്‍ മാറ്റം വരുത്തേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു.
നീറ്റ് പിജി കൗണ്‍സിലിങ് തുടങ്ങുന്നതില്‍ ഇന്നത്തെ കോടതി ഉത്തരവ് നിര്‍ണായകമാകും. രാജ്യ താല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിങ് ഉടന്‍ തുടങ്ങണമെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.


