ന്യൂഡല്‍ഹി: തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് രാവിലെ ഏഴിന് നടപ്പാക്കുന്നത് സംബന്ധിച്ച കോടതിവിധി വന്നതിന് പിന്നാലെയാണ് ആശാ ദേവിയുടെ പ്രതികരണം.
നാലുപേരുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. ആശാദേവി നടത്തിയ നിയമ യുദ്ധത്തിന്റെ ഫലമായാണ് ഏഴ് വര്‍ഷത്തിനുശേഷം കോളിളക്കം സൃഷ്ടിച്ച കേസിലെപ്രതികള്‍ക്ക് ഒടുവില്‍ തൂക്കുമരം ഉറപ്പായത്. പ്രതികളില്‍ ഒരാള്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതിനെ എതിര്‍ത്ത് ആശാദേവി 2019 ഡിസംബറില്‍ സുപ്രീം കോടതിയെവരെ സമീപിച്ചിരുന്നു.
അതിനിടെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. ഏഴ് വര്‍ഷമായി മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടുന്ന നിര്‍ഭയയുടെ അമ്മയെ സല്യൂട്ട് ചെയ്യുന്നു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയ ന്യായാധിപനെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.


