ബംഗളൂരു: ബംഗളൂരുവിലെ കെംപഗൗഡ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വനിതകളായ യാത്രക്കാരെ ലക്ഷ്യമാക്കി വനിത ടാക്സി സര്‍വ്വീസിന് തുടക്കം. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായി ചേര്‍ന്നാണ് വനിത ടാക്സി സര്‍വ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. വനിതാ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഈ സംരംഭം.
പരിശീലന ഓട്ടത്തിനായി പത്ത് വാഹനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതല്‍ വാഹനങ്ങള്‍ നല്‍കും.
തനിച്ചെത്തുന്ന വനിതാ യാത്രക്കാര്‍ക്കും സംഘങ്ങളായി എത്തുന്നവര്‍ക്കും ഈ വാഹനം സഹായകരമായിരിക്കും. സ്ത്രീകളുടെ സാമൂഹ്യമുന്നേറ്റവും ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി കൂട്ടിച്ചേര്‍ക്കുന്നു.”ഒന്നിലധികം ഭാഷകളില്‍ പ്രാവീണ്യമുള്ളവരായിരിക്കും വനിതാ ഡ്രൈവര്‍മാര്‍. സ്വയം പ്രതിരോധത്തിനുള്ള ആയോധനമുറകളും ഇവരെ പരിശീലിപ്പിക്കും. കൂടാതെ വാഹനവുമായി പോകുന്ന പ്രദേശത്തെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണ നല്‍കും. ജിപിആര്‍എസ് ട്രാക്കിംഗ്. എസ്ഒഎസ് സ്വിച്ച് തുടങ്ങി പ്രതിസന്ധിയിലകപ്പെട്ടാല്‍ രക്ഷനേടാനുള്ള എല്ലാ സംവിധാനങ്ങളും ഇവര്‍ക്ക് നല്‍കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഇവര്‍ക്കുള്ള സംവിധാനങ്ങള്‍ നല്‍കിയിരിക്കുന്നത്.” എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

