ഭോപ്പാല്‍: സിന്ധ്യ രാജകുടുംബത്തിന്റെ മരുമകളും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയുമായ പ്രിയദര്‍ശിനി രാജെ സിന്ധ്യ സജീവ രാഷ്ട്രീയത്തിലെയ്ക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെയാണ് പ്രിയദര്‍ശിനിയും സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തുന്നത്.

പ്രിയങ്ക ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനം സൃഷ്ടിക്കുമെങ്കില്‍ പ്രിയദര്‍ശിനിയുടെ വരവോടെ മധ്യപ്രദേശ് രാഷ്ട്രീയത്തിലും വന്‍ മാറ്റം പ്രതീക്ഷിക്കാം. ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യ രാഷ്ട്രീയത്തിന്റെ കോലാഹലങ്ങളില്‍നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഭര്‍ത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനു മാത്രമാണ് ഇവര്‍ മുന്‍പ് പങ്കെടുത്തിരുന്നത്. അടുത്തിടെ ഒരു ദേശീയമാധ്യമത്തോടു സംസാരിക്കവെ പ്രിയദര്‍ശിനിയുടെ ലാളിത്യത്തെ മഹാരാഷ്ട്ര മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ പുകഴ്ത്തിയിരുന്നു. കൂടാതെ, സംസ്ഥാനത്ത് പാര്‍ട്ടിയുടെ ജനപ്രിയത പ്രിയദര്‍ശിനിയുടെ വരവോടെ കുതിച്ചുയരും. പ്രിയങ്കയെയും സിന്ധ്യയെയും യുപി കോണ്‍ഗ്രസിന്റെ ചുമതലയേല്‍പ്പിച്ചത് സംസ്ഥാനത്ത് അണികളില്‍ വലിയ ആവേശം നല്‍കിയിരുന്നു. സമാനമായ ഒരു സാഹചര്യം പ്രിയദര്‍ശിനിയുടെ വരവോടെ മധ്യപ്രദേശിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തോമര്‍ വ്യക്തമാക്കി. പ്രിയദര്‍ശിനിയുടെ വരവ് വനിതകള്‍ക്കും യുവത്വത്തിനും ആവേശമാകുമെന്നും സിന്ധ്യയുടെ വിശ്വസ്തനായ തോമര്‍ വ്യക്തമാക്കി.


