ന്യൂഡല്‍ഹി: ബിജെപിയില്‍ ഗട്ട്സ് ഉള്ള ഒരേയൊരു നേതാവ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ധീരതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും നിതിന്‍ ഗഡ്ക്കരി ആരോപിച്ചു. സ്വന്തം വീട് നോക്കാന്‍ സാധിക്കാത്തവര്‍ക്ക് നാട് നന്നാക്കാനാകില്ലെന്ന ഗഡ്ക്കരിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി മന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ബിജെപിയില്‍ അല്‍പ്പമെങ്കിലും ഗട്ട്സ് ഉള്ള നേതാവ് താങ്കള്‍ മാത്രമാണെന്നായിരുന്നു രാഹുല്‍, ഗഡ്ക്കരിയോട് പറഞ്ഞത്. റാഫേല്‍ ഇടപാട്, കര്‍ഷക പ്രതിസന്ധി, തൊഴില്‍ ഇല്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഗഡ്ക്കരിയോട് രാഹുല്‍ ആവശ്യപ്പെട്ടു. റാഫേല്‍ ഇടപാടും കര്‍ഷക പ്രശ്നവും പറഞ്ഞ രാഹുല്‍ ട്വീറ്റിന്റെ അവസാനം JOBS! JOBS! JOBS! JOBS! എന്നു പറഞ്ഞു കൊണ്ടാണ് തൊഴിലില്ലായ്മ വിഷയം എടുത്തിട്ടത്. എന്നാല്‍ വൈകാതെ ട്വിറ്ററിലൂടെ ഗഡ്ക്കരിയുടെ മറുപടിയെത്തി. ‘എന്റെ ധൈര്യത്തെക്കുറിച്ച് താങ്കളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എന്നാല്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ കാര്യങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ ആക്രമിക്കുന്ന താങ്കളുടെ രീതി എന്നെ അത്ഭുതപ്പെടുത്തുന്നു’- ഇങ്ങനെയായിരുന്നു ഗഡ്ക്കരിയുടെ പ്രതികരണം. നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ എന്നും നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞിരുന്നു.

