ഭോപ്പാല്‍: ഏഴ് വയസുകാരന് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തില്‍. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് കുട്ടി മരണപ്പെടുകയിരുന്നു. മധ്യപ്രദേശിലെ ഭാന്‍ഗഡ് ഗ്രാമവാസിയായ ഉമേഷ് സിംഗിന്റെ ഏഴ് വയസുകാരനായ മകന് പൊതുവഴിയില്‍ മൂത്രമൊഴിച്ചു. ഇതിനെതിരെ ഇവരുടെ അയല്‍വാസി മോഹര്‍ സിംഗ് ഉമേഷ് സിംഗിനോട് ദേഷ്യപ്പെടുകയും മകന് തുറസായ സ്ഥലത്ത് ഇനി മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതില്‍ പ്രകോപിതരായ ഉമേഷും പിതാവ് രാം സിംഗും വടിയുമായി മോഹറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ മര്‍ദ്ദിച്ചു. ഇതിനിടെയാണ് മോഹറിന്റെ 18 മാസം മാത്രം പ്രായമുള്ള മകന് ഭഗവാന് തലയ്ക്ക് മര്‍ദ്ദനമേല്‍ക്കുകയും സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരണപ്പെടുകയുമായിരുന്നു.
ഗ്രാമവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമേഷിനെയും രാം സിംഗിനെയും പോലീസ് പിടികൂടി. അതേസമയം തുറസായ സ്ഥലത്ത് കുട്ടി മൂത്രമൊഴിച്ചതല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇരു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കരണമെന്നുമാണ് പോലീസ് പറയുന്നത്.


