ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികൾക്കായി അന്നത്തെ ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖകൾ. ജനങ്ങളെ സമ്മേളന സ്ഥലത്തെത്തിക്കാൻ മാത്രം 6.5 കോടി രൂപയിലധികം ചെലവാക്കിയതായും രേഖകൾ. ‘ലാഞ്ചമുക്ത കർണാടക’ സംഘടനയിലെ മഞ്ജുനാഥ് ഹിരേചൗതി മൂന്ന് വർഷത്തോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ രേഖകൾ പുറത്തുവന്നത്.
ശിവമൊഗ വിമാനത്താവള ഉദ്ഘാടന ചടങ്ങിന് മാത്രമായി 18.81 കോടി രൂപയാണ് അന്നത്തെ സർക്കാർ ചെലവിട്ടത്. 2023 ഫെബ്രുവരി 27-നായിരുന്നു ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഈ ചടങ്ങിൽ വച്ചാണ് ഇരട്ട എൻജിൻ സർക്കാറിനായി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർഥിച്ചത്. ചടങ്ങിലേക്ക് ആളുകളെ എത്തിക്കാനായി 1800 ബസുകളാണ് വാടകക്ക് എടുത്തത്. ഇതിനായി 4.11 കോടി രൂപയാണ് ചെലവിട്ടിട്ടുള്ളത്. പ്രധാന വേദിക്കും ഗ്രീൻ റൂമിനുമായി ജർമ്മൻ സാങ്കേതികവിദ്യയിലുള്ള വാട്ടർപ്രൂഫ് പന്തൽ, മോഡൽ പ്രസന്റേഷൻ സ്റ്റാളുകൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയ്ക്കായി 1.8 കോടി രൂപയിലധികം ചെലവിട്ടു.


