അന്തരിച്ച പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മുസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഷാര്‍പ്പ് ഷൂട്ടറായിരുന്ന ദീപക് ടിനുവാണ് രക്ഷപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാന്‍സ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. മറ്റൊരു കേസില്‍ കപൂര്‍ത്തല ജയിലില്‍ നിന്ന് പൊലീസ് സംഘം ഇയാളെ റിമാന്‍ഡില്‍ കൊണ്ടുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ പൊലീസ് സംഘത്തെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ടിനുവിനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങള്‍ അറിയിക്കുന്നു.
സിദ്ധു മൂസെവാല വധത്തിന്റെ സൂത്രധാരനായ ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ദീപക്. കുറ്റപത്രത്തില്‍ പേരുള്ള 15 പേരില്‍ ഒരാളാണ് ദീപക്. മെയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ ഗായകനും നേതാവുമായ സിദ്ധു മൂസെവാലയെ വെടിവെച്ചു കൊന്നത്. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇദ്ദേഹത്തിനൊപ്പം ജീപ്പില്‍ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റു.
മൂസെവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. അതേസമയം മൂസെവാലയുടെ കൊലപാതകം തന്റെ സംഘമാണ് ആസൂത്രണം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതില്‍ നേരിട്ട് പങ്കില്ലെന്നുമായിരുന്നു ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി മൊഴി നല്‍കിയത്. മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ് വെളിപ്പെടുത്തുകയുണ്ടായി.
ചോദ്യം ചെയ്യലിനിടെ കേസിലെ പ്രതി കപില്‍ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തോക്ക് കൈവശം വെക്കുന്നതിന് സല്മാന് ഖാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.


