ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനങ്ങള്‍ മുഴുവന്‍. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വാഗ ബോര്‍ഡര്‍ വഴിയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് എത്തിക്കുക. റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് അഭിനന്ദനുമായി പാക്ക് സംഘം തിരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാക്കിസ്താന് അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്ക്രോസ്സ് നടത്തും. തുടര്‍ന്ന് റെഡ്ക്രോസ്സാണ് വാഗാഅതിര്ത്തിയിലേക്കെത്തിക്കുന്നത്. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാഅതിര്‍ത്തിയില്‍ സ്വീകരിക്കും.
പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും അഭിനന്ദിനെ സ്വീകരിക്കാനായി വാഗയിലുണ്ടാകും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തില്‍കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാര്‍ക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പൈലറ്റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രദേശവാസികളും ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് മുദ്രാവാക്യങ്ങളുമായി അഭിനന്ദനെ സ്വീകരിക്കാനായി എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും അഭിനന്ദനെ അഭിമാനപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. പാക്ക് പട്ടാളത്തിന്റെ മുമ്ബില്‍ പതറാതെ തലയുയര്‍ത്തി നിന്ന വിംഗ് കമാന്‍ഡറോട് വലിയ ബഹുമാനവും സ്നേഹവുമാണ് ജനം പ്രകടിപ്പിക്കുന്നത്.

