ദകാർ : അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് രവി പൂജാരിയെ അറസ്റ്റു ചെയ്തെന്നാണു വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനു രവി പൂജാരിക്കെതിരെ കേസുണ്ട്. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റ്.
ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വർഷത്തോളമായി ഒളിവിലാണ്. മുബൈയിലെ ചെമ്പൂരിൽനിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. തുടർന്നു ഹോട്ടൽ ഉടമകളിൽനിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.

