ദില്ലി: ആദായ നികുതി പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയത് രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും. പക്ഷേ അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ ഇത് യാഥാര്‍ത്ഥ്യമാക്കാനാകൂ. ശമ്പളത്തിലെ ആനൂകുല്യങ്ങള്‍ പരിഗണിച്ച് നല്കുന്ന, സ്റ്റാന്റേര്‍ഡ് നികുതി ഇളവ് തോത് 50,000 ആക്കി ഉയര്‍ത്തിയതടക്കം ഒട്ടേറെ മറ്റു നികുതി ഇളവുകളും ബജറ്റിലുണ്ട്.
നികുതിദായകരെ കയ്യിലെടുക്കലായിരുന്നു ഇടക്കാല ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനി ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് വാഗ്ദാനം. 2.5 ലക്ഷം എന്ന പരിധിയാണ് ഈ നിലയില്‍ കുത്തനെ ഉയര്‍ത്തിയത്. ഭവന വായ്പ, നിക്ഷേപം തുടങ്ങിയവയുണ്ടെങ്കില്‍ ആദായ നികുതി നിയമത്തിലെ 80 സി വ്യവസ്ഥ പ്രകാരം 5 ലക്ഷം എന്ന പരിധി 6.5 ലക്ഷം വരെ ആയി ഉയരും. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം നിലവിലെ നിരക്ക് തന്നെയാണ് തുടരുക. അടുത്ത സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ പുതു ഇളവുകള്‍ പ്രാബല്യത്തിലാകൂ.

