ഡല്‍ഹി എയിംസില്‍ ഇന്നു മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയന് പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്സസ് അറിയിച്ചു.
ഹരീഷ് കജ്ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെന്‍ഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയന് അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്ഷന് ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന് എക്സിക്യൂട്ടീവുകള്‍ക്കും യൂണിയന് അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്സുമാര്‍ പ്രധാന ഓപ്പറേഷന് തിയേറ്ററില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നഴ്സസ് യൂണിയന് പ്രസിഡന്റ് ഹരീഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ കജ്ള ഉള്‍പ്പെടെ നാല് നഴ്സിംഗ് സ്റ്റാഫുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി എയിംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. കജ്ളയുടെ പ്രതികരണത്തിന്റെയും പ്രതിഷേധത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കജ്ളയ്ക്കെതിരെ നടപടി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


