മുംബൈയില്‍ വന്‍ തീപിടിത്തം. ലാല്‍ബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡന്‍ഷ്യല്‍ ടവറിന്റെ 19-ആം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മുംബൈയിലെ ആഡംബര വണ്‍ അവിഘ്ന പാര്‍ക്ക് സൊസൈറ്റിയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് വീണ് മരിക്കുകയായിരുന്നു. അരുണ്‍ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുംബൈ മേയര്‍ കിഷോരി പെഡ്നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.


