കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ്. സംസ്ഥാനത്ത് വിതരണം ചെയ്യാനായി 450 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് സിഎസ്കെ ഒരുക്കിയിരിക്കുന്നത്. ഇവ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനു കൈമാറിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഭൂമിക ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ഇവ വിതരണം ചെയ്യും.
”തമിഴ്നാട്ടിലെ ജനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയമിടിപ്പാണ്. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ നമ്മള് എല്ലാവരും ഒരുമിച്ചാണെന്ന് അവരെ അറിയിക്കുകയാണ്. സിഎസ്കെ സിഇഓ കെഎസ് വിശ്വനാഥന് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
കൊവിഡ് ബോധവത്കരണം കൃത്യമായി നടത്തുന്ന ഒരു ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ‘മാക്സ് പോട്’ (മാസ്ക് ധരിക്ക്) എന്ന ക്യാമ്പയിനാണ് അവര്‍ നടത്തുന്നത്.
അതേസമയം, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെ നിരോധനം ഉണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.


