മലയാളി മാധ്യമ പ്രവര്‍ത്തകയായിരുന്ന കാസര്‍ഗോഡ് സ്വദേശിനി ശ്രുതിയുടെ ആത്മഹത്യയില്‍ ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണൂര്‍ ചുഴലി സ്വദേശിയായ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചു.
കഴിഞ്ഞ മാസം ഇരുപതിനാണ് റോയിട്ടേഴ്സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍ പോയ അനീഷിനായി ബംഗളൂരു പൊലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ശ്രുതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കര്‍മ സമിതി രൂപീകരിച്ചു.
വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ, ഭര്‍ത്താവ് അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയില്‍ കലാശിക്കാന്‍ കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് കര്‍മ സമിതി.