ബത്തേരി: ഡി സി സി അധ്യക്ഷനെതിരെ അസഭ്യ വര്‍ഷവുമായി എം എല്‍ എ. വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചനെ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐസി ബാലകൃഷ്ണന് ഫോണിലൂടെ അസഭ്യം പറയുന്ന ഓഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡി സി സി അധ്യക്ഷന്‍ എത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു തെറിവിളി.അസഭ്യം വിളിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്, എന്‍ ഡി അപ്പച്ചനോട് ക്ഷമ ചോദിച്ചു. പ്രചരിക്കുന്നത് തന്റെ ശബ്ദം തന്നെയാണെന്നും സംസാരം അതിര് കടന്ന് പോയതില്‍ വിഷമമുണ്ടെന്നും ഐസി ബാലകൃഷ്ണന് എം എല്‍ എ വ്യക്തമാക്കി.
26ന് രാവിലെ പത്ത് മണിക്കായിരുന്നു ഡി സി സി ഓഫീസില്‍ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നതിനാല്‍ ഡി സി സി അധ്യക്ഷന്‍ കൃത്യസമയത്ത് യോഗത്തിലെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് എം എല്‍ എ പ്രകോപിതനായത്.
മുതിര്‍ന്ന നേതാവായ എന്‍ ഡി അപ്പച്ചനെതിരെ ഇത്തരത്തിലുണ്ടായ പ്രതികരണത്തില്‍ ഐ സി ബാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. സംഭവത്തില്‍ കെ പി സി സിക്ക് പരാതി നല്‍കുമെന്നാണ് എന്‍ ഡി അപ്പച്ചനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ സംഭാഷണം ചോര്‍ത്തി പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഐ സി ബാലകൃഷ്ണനും വ്യക്തമാക്കുന്നു. അതേസമയം ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുള്ളില്‍ വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്.
മുന്നണിയില്‍ കൂടിയാലോചനയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് ആരോപണം. 13 അംഗ ബാങ്ക് ഭരണസമിതിയിലേക്ക് ആദ്യം രണ്ട് സീറ്റുകളാണ് തങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഒരു സീറ്റിലേക്ക് മാത്രമാക്കി ഒതുക്കിയെന്നും ലീഗ് ആരോപിക്കുന്നു.


