കല്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്.
രാവിലെ 9 തോടെയാണ് സംഭവം. ബേലൂർ മഖ്ന ഇറങ്ങിയതിനു പിന്നാലെ കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. അതുവഴി വരുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുകൂടിയാണ് പോള്‍ ഇന്ന് ജോലിക്കെത്തിയത്. വനത്തിനോടു ചേർന്ന പ്രദേശമായതിനാല്‍ ആനകള്‍ ഇതുവഴി എത്താറുണ്ട്.
ഇത്തരത്തില്‍ റോഡിലിറങ്ങിയ ആന പോളിനു നേരെ പാഞ്ഞടുത്തു. ഓടി രക്ഷപെടാൻ ശ്രമിക്കവേ താഴെവീണ അദ്ദേഹത്തിന്റെ പുറത്ത് ആന ചവിട്ടുകയായിരുന്നു. വാരിയെല്ലിനു ഗുരുതരമായി പരിക്കേറ്റ പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.