വയനാട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എംപി ഇന്ന് മണ്ഡലത്തിലെത്തും. യാത്രയ്ക്ക് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങും. വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹത്തെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും.
തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്തും. 10ന് കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് പുതുശ്ശേരി തോമസിന്റെ വീടും സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടിയില്വെച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.


