വയനാട്: വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമായി കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി നാളെ മുതൽ ഗ്രാമങ്ങളിലുടെ കുതിക്കും. കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം തീർക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവിൽ മറ്റ് ബസുകൾ ഇല്ലാത്തതും, യാത്രാ ദുരിതം അനുഭവിക്കുന്നതുമായി റൂട്ടുകളിലാവും ഗ്രാമവണ്ടികൾ ഓടുക.
ഗ്രാമവണ്ടി പദ്ധതിയിലെ ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്. ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ പത്തരക്ക് മന്ത്രി രാജു മാനന്തവാടിയിൽ നിർവഹിക്കും. ബസിൻ്റെ ഡീസൽ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവർ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ചുള്ള സർവീസ് നടത്തുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇക്കാരണത്താൽ തന്നെ വയനാട് ജില്ലയിലെ വലിയ സാധ്യതയാണ് ഗ്രാമവണ്ടികൾക്കുള്ളത്.
lമാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ വാഹന സൗകര്യം കുറവുള്ള റൂട്ടുകളായ നല്ലൂർനാട് ജില്ല ക്യാൻസർ സെന്റർ, കാരക്കുനി യൂണിവേഴ്സിറ്റി ക്യാമ്പസ്, ബി.എഡ് സെന്റർ എന്നിവയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. രാവിലെ മാനന്തവാടിയിൽ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയിൽ തന്നെ എത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറ്റമ്പതോളം കിലോമീറ്റർ ഗ്രാമവണ്ടി സഞ്ചരിക്കും. മാനന്തവാടി ബ്ലോക്കിൽ പദ്ധതി വിജയിക്കുന്ന പക്ഷം കൂടുതൽ പഞ്ചായത്തുകളിലേക്ക് ഗ്രാമവണ്ടികൾ ഓടിക്കും.


