കല്പറ്റ: പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സ്വന്തം മണ്ഡലമായ വയനാട്ടില്‍ വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അപേക്ഷ. അപേക്ഷ കല്പറ്റ നഗരസഭാ സെക്രട്ടറിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു കൈമാറി.’പ്രിയപ്പെട്ട രാഹുല്‍ജിക്ക് സ്വന്തമായി വീടില്ലെന്ന് വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാര്‍ മനസ്സിലാക്കുന്നു’ എന്നും അപേക്ഷയില്‍ പരിഹാസമുണ്ട്.
52 വയസ്സായ തനിക്ക് ഇതുവരെ സ്വന്തമായി വീടു പോലുമില്ല എന്ന് രാഹുല്‍ ഗാന്ധി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ആണ് ബിജെപിയുടെ അപേക്ഷ. ബിജെപി ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡിലാണ് അപേക്ഷ ലഭിച്ചത്. അതുകൊണ്ട് തന്നെ നടപടി സ്വീകരിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.