തൃശൂര്‍ കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ദീപക്, ബാബു, ഹരീഷ്, മാര്ട്ടിന്, ലബീബ്, അഭിജിത്ത്, അബ്ദുല്‍ ഷാഹിദ് എന്നിവരാണ് അറസ്റ്റിയായവര്.
കുഴല്‍പ്പണം തട്ടിയെടുത്ത സംഘത്തിലെ ഒന്‍പത് പേര് കസ്റ്റഡിയിലായിരുന്നു. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറല്‍ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി വ്യക്തമാക്കി.
വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിയ ശേഷം എറണാകുളത്തേക്കാണ് സംഘം കടന്നത്. പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികള്‍ ഒളിവിലാണ്. പിടിയിലായവര്‍ നേരത്തെ സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും എസ്.പി ജി. പൂങ്കുഴലി പറഞ്ഞു.

കഴിഞ്ഞ മൂന്നാം തീയതിയാണ് കൊടകരയ്ക്ക് സമീപം വച്ച് വാഹനാപകടം സൃഷ്ടിച്ച് കുഴല്‍പണം കവര്‍ന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കുഴല്‍പ്പണം കടത്തിയ കാറിനെ രണ്ട് കാറുകള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുഴല്‍പ്പണം കടത്തിയിരുന്ന സംഘം തങ്ങിയ തൃശൂര്‍ എം.ജി റോഡിലെ ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു.
ഭൂമി ഇടപാടിനായി കൊണ്ടുപോയിരുന്ന 25 ലക്ഷം രൂപ തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. എന്നാല്‍ മൂന്നരക്കോടിയിലേറെ രൂപ കാറില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


