തിരുവനന്തപുരം: ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴക്കുളം മധു. ‘പി.വി.’ കള്ളനാണെന്ന് നാട്ടുകാര്‍ സംശയിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാബു ജേക്കബിന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുത്ത് വീണാ വിജയനെതിരെ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ച് റിപ്പോര്‍ട്ട് വരും വരെ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു മാറി നില്‍ക്കണം. വെളിപ്പെടുത്തല്‍ സത്യമില്ലെങ്കില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയില്‍ ചെയ്യുന്നതിനും സാബു ജേക്കബിനെതിരെ കേസ് എടുക്കണം. സാബു ജേക്കബിനെതിരായ കേസിന്റെ തുടര്‍ നടപടികള്‍ എന്തുകൊണ്ട് ഫ്രീസ് ചെയ്തു എന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ജനങ്ങളോട് പറയണം. ആരോപണം മലയാളികളുടെ സത്യസന്ധതയും ആത്മാഭിമാനത്തെ ബാധിക്കും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാന്‍ അപകീര്‍ത്തി കേസെടുക്കാന്‍ തയാറാവണമെന്ന് പഴക്കുളം മധു ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
സാബുവിനെ അറസ്റ്റു ചെയ്യണം…. ഇല്ലെങ്കില്‍ ‘പി.വി.’ കള്ളനാണെന്ന് നാട്ടുകാര്‍ സംശയിക്കും.
സാബു ജേക്കബ് പറഞ്ഞത് തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്നാണ്.അദ്ദേഹത്തിന്റെ വാക്കുകള്‍ ”ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമന പുത്രിയെ ഞാന്‍ അകത്താക്കും. തെളിവ് തന്റെ കയ്യിലുണ്ടെന്നും ,അത് സ്വപ്നയുടെ കയ്യിലുള്ള ബോംബ് അല്ല അത് ആറ്റം ബോംബ് ആണെന്നുമാണ് ”സാബു ജേക്കബ് പറയുന്നത്.
സി എംആര്‍ എല്‍ അക്കൗണ്ടില്‍ നിന്നും എക്സാലോജിക് കമ്പനി അക്കൗണ്ടിലേക്ക് വന്ന 1.72 കോടി രൂപ മാസപ്പടി ആണെന്നും,മുഖ്യമന്ത്രി കരിമണല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത നിയമവിരുദ്ധ സഹായത്തിനുള്ള പ്രതിഭലമാണെന്നും മാത്യു കുഴല്‍നാടന്റെ ആരോപണമുള്ള പശ്ചാത്തലത്തില്‍ സാബു ജേക്കബ് നടത്തിയ വെല്ലുവിളി ഗുരുതരവും നിയമപരമായി നടപടി ആവശ്യമുള്ളതുമാണ്.
ഇവിടെ നമ്മള് സര്‍ക്കാരില്‍ നിന്നും കുറഞ്ഞപക്ഷം മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂന്നു നാല് കാര്യങ്ങളാണ്.
ഒന്ന് –
1.പ്രശസ്തനായ ഒരു വ്യവസായി നടത്തിയ പരസ്യ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആ ആരോപണത്തിലെ വസ്തുത കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ചു സാബു ജേക്കബിന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുത്ത് വീണാ വിജയനെതിരെ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചു, അതിന്റെ റിപ്പോര്‍ട്ട് വരും വരെ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു മാറി നില്ക്കുക.
രണ്ട്-
സാബു ജേക്കബിന്റെ വെളിപ്പെടുത്തലില്‍ സത്യമില്ലെങ്കില്‍, മുഖ്യമന്ത്രിയോ സര്‍ക്കാരില്‍ ആരെങ്കിലുമൊ അത് വിശ്വസിക്കുന്നില്ലെങ്കില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയില്‍ ചെയ്യുന്നതിനും സാബു ജേക്കബ് നടത്തിയ ശ്രമം എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ കേസ് എടുത്ത് ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അവരുടെ പിതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അതിനു മുന്‍കയ്യെടുക്കണം.
മൂന്ന്-
സാബു ജേക്കബ് നടത്തിയ ഭീഷണി അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ എടുക്കുമെന്ന് സംശയിക്കുന്ന ഒരു ക്രിമിനല്‍ കേസിലെ അറസ്റ്റ് ആണ്.അങ്ങനെയെങ്കില്‍ ആ കേസിന്റെ തുടര്‍ നടപടികള്‍ എന്തുകൊണ്ട് ഫ്രീസ് ചെയ്തു എന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ജനങ്ങളോട് പറയണം.
നാല്-
4.മകള്‍ക്കെതിരെയുള്ള ആരോപണം എന്ന നിലയില്‍ എടുക്കുന്നില്ലെങ്കില്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു വ്യവസായി പരസ്യമായി, മുഖ്യമന്ത്രിയുടെയും ഒരു ജനതയുടെയും ആത്മാഭിമാനത്തെ ബാധിക്കും വിധം നടത്തിയ ആരോപണം സൗകര്യപൂര്‍വ്വം വിട്ടുകളയാതെ മലയാളികളുടെ സത്യസന്ധതയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാന്‍ അപകീര്‍ത്തി പ്രസ്താവനക്കെതിരെയെങ്കിലും കേസെടുക്കാന്‍ തയാറാവണം.
സത്യത്തില്‍, ശരിയാര് ?വിജയനോ സാബുവോ? ?


