തിരുവനന്തപുരം: പോലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിവീശി.
നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. പോലീസിനു നേരെ മുളകുപൊടി പ്രയോഗമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
കെപിസിസി ആസ്ഥാനത്തുനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വഴിയില്‍ വച്ച് നവകേരള സദസിന്റേതുള്പ്പെടെയുള്ള ബാനറുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് ഡിജിപി ഓഫീസിനു മുന്നിലെത്തിയ മാര്‍ച്ച് മാത്യു കുഴല്നാടൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാര്‍ജുമുണ്ടായി. 15 മിനിറ്റ് നേരം വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്. പരിക്കേറ്റ പ്രവര്‍ത്തകരെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഒരു പ്രകോപനവും കൂടാതെയാണ് പോലീസ് ലാത്തിവീശിയതെന്ന് മാത്യു കുഴല്നാടൻ ആരോപിച്ചു. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നും തനിക്കും മര്‍ദനമേറ്റെന്നും അദ്ദേഹം ആരോപിച്ചു.


