തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം.
ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗം വിലയിരുത്തി. ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്കി.
റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നതതല യോഗം നിര്‍ദേശിച്ചു.


