തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് ജയില്‍ ചാടിയതെന്ന് ഇയാൾ മൊഴി നൽകി. ശനിയാഴ്ച ഉച്ചയോടെ ഭാര്യയോടും മകനോടുമൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്.
ഈ മാസം ഏഴിന് ജയിൽ വളപ്പിലെ അലക്കുകേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പൊലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണശാലയില്‍ പോയ സമയത്താണ് രക്ഷപ്പെട്ടത്.
2017ൽ കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് വ്യാപകമാക്കിയിരുന്നു എങ്കിലും വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. സംഭവത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.


