തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. വിശ്വാസികളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ആരാധനാലയങ്ങള്‍ തുറക്കാത്തത് രോഗവ്യാപനം കൂടും എന്നുള്ളത് കൊണ്ടാണെന്നും, ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഭക്തരെ തടയുക എന്നുള്ളത് സര്‍ക്കാരിന്റെ ലക്ഷ്യമല്ലന്നും ക്ഷേത്രങ്ങളും പള്ളികളും എപ്പോള്‍ തുറക്കുമെന്ന് ഈ സാഹചര്യത്തിൽ പറയാനാകില്ല അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എന്‍ എസ് എസ്, മലങ്കര ഓര്‍ത്തഡോക്സ് സഭ, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന് അടക്കമുളള സംഘടനകളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.


