തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേ നിര്‍ണായക റിപ്പോര്‍ട്ടുമായി രജിസ്ട്രാര്‍ ഓഫ് കമ്പനീസ്.കമ്പനീസ് ആക്ട് സെക്ഷന്‍ 188 ന്റെ ലംഘനം നടന്നു.സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്കിനായില്ല.
ബംഗളൂരു രജിസിട്രാര്‍ ഓഫ് കമ്പനീസാണ് നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയത്. സിഎംആര്‍എല്ലും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുമായി നടന്ന ഇടപാടുകളില്‍ ദുരൂഹതയെന്നാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി നടന്ന കരാറോ മറ്റ് ഇടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസി റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകള്‍ മാത്രമാണ് എക്സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നല്‍ക്കിയതെന്നും ആര്‍ഒസി ചൂണ്ടിക്കാട്ടി. സെക്ഷന്‍ 447, സെക്ഷന്‍ 448, എന്നീ വകുപ്പുകള്‍ ചുമത്തി എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, 2017 ലാണ് എക്സാലോജിക്കും സിഎംആര്‍എല്ലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാറില്‍ ഒപ്പ് വച്ചത്. കരാര്‍ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആര്‍എല്‍ നല്കി വന്നിരുന്നത്. എന്നാല്‍ പണം നല്കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആര്‍എല്ലിന് നല്‍കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


