തിരുവനന്തപുരം : വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്ന ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15 ഇന്ന് തീരത്തണയും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മുഖ്യാതിഥിയാകും. സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, വിവിധ മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ടു യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്.ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്ബന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും.
ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്ബത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.


