പത്തനംതിട്ട: ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രാഥമിക അന്വേഷണം അഖില്‍ സജീവ്, ബാസിത്, ലെനിന് എന്നീ മൂന്ന് പേരെ കേന്ദ്രീകരിച്ച്. പത്തനംതിട്ടയില്‍ നിന്ന് മുങ്ങിയ ശേഷം അഖില്‍ സജീവ് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ശ്രമം നടത്തിയതായാണ് വിവരം.
മന്ത്രിയുടെ പി.എയ്ക്കെതിരെയാണ് ആരോപണമെങ്കിലും പൊലീസിന്റെ സംശയമുനയിലെ ഒന്നാം പ്രതി അഖില്‍ സജീവ് എന്ന സി.ഐ.ടി.യു മുന്‍ ഓഫീസ് സെക്രട്ടറിയാണ്. അഖില്‍ സജീവിന്റെ തട്ടിപ്പ് പശ്ചാത്തലമാണ് ഇതിന്റെ അടിസ്ഥാനം. പത്തനംതിട്ട സി.ഐ.ടി.യു ഓഫീസിലെ തട്ടിപ്പിന് ശേഷം ഒളിവില്‍ പോയ അഖില്‍ സജീവ് മലപ്പുറം കേന്ദ്രീകരിച്ചാണ് കഴിഞ്ഞതെന്നാണ് വിവരം. ഈ സമയത്താണ് അഖില്‍ ബാസിത്, ലെനിന് എന്നിവരെ പരിചയപ്പെടുന്നത്. ഇതില്‍ ബാസിതും ലെനിനും പരാതിക്കാരനായ ഹരിദാസുമായും അടുപ്പമുണ്ട്. ആ ബന്ധം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോയെന്നാണ് പൊലീസിന്റെ സംശയം. അതിനായി ബാസിതിന്റെയും ലെനിന്റെയും മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഫോണ്‍ വിളിവിവരങ്ങളും പൊലീസ് പരിശോധിക്കും. എന്നാല്‍ അഖില്‍ സജീവിന്റെ ഒളിയിടം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
അന്വേഷണം ഈ മൂന്ന് പേരിലേക്ക് കേന്ദ്രീകരിച്ചെങ്കിലും അഖില്‍ മാത്യുവിന് പൊലീസ് ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഹരിദാസന്റെ മൊഴിയിലെ വിവരങ്ങളുടെ വിശ്വാസ്യത അനുസരിച്ചിരിക്കും ആരോഗ്യമന്ത്രിയുടെ പി.എഅഖില് മാത്യുവിലേക്കുള്ള അന്വേഷണം. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ നല്‍കിയെന്നാണ് ഹരിദാസന്റെ പരാതി.