കോഴിക്കോട് തിരുവമ്പാടിയിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇടുക്കി പീരുമേട് സ്വദേശി അജയ് ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. ബൈക്ക് മോഷണത്തിന് പേരു കേട്ടയാളാണ് അജയ് എന്നാണ് പൊലീസ് പറയുന്നത്.കോഴിക്കോട് ജില്ലയിലടക്കം പല സ്റ്റേഷനിലും അജയ്ക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് അഞ്ച് ദിവസം മുമ്പ് അജയ് ഒരു ബൈക്ക് മോഷ്ടിച്ചതായി പോലീസ് വെളിപ്പെടുത്തി. ഒക്ടോബർ അഞ്ചിനാണ് ഒപ്പന പഠിക്കാനെന്ന് പറഞ്ഞ് പതിനാലുകാരി വീടു വിട്ടിറങ്ങിയത്. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ മുക്കം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കോയമ്പത്തൂരിൽ വച്ച് കണ്ടെത്തിയിരുന്നു.