ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. സിദ്ദിഖ് ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അവിടെനിന്ന് പോയെന്നും റിപ്പോർട്ടുകൾ പറയുന്നു. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
സുപ്രിംകോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്. സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.