ശബരിമല: തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം.
ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്കി.
പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. പിന്നീട് നാലിനാണ് തുറന്നിരുന്നത്. ഇനി ഉച്ചകഴിഞ്ഞ് മൂന്നിന് നടതുറക്കും. അതേസമയം, രാത്രി 11നു തന്നെ നടയടയ്ക്കും.
ശബരിമലയിലേക്ക് എല്ലാ വഴികളിലൂടെയും തീര്‍ഥാടകര്‍ ശബരിമലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ തീര്‍ഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
14 മണികൂര് വരെ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തുന്നത്. ക്യൂ കോംപ്ലക്സില്‍ സൗകര്യങ്ങളില്ലെന്നാണ് തീര്‍ത്ഥാടകരുടെ പരാതി. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീര്‍ഥാടകര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച തിരക്ക് ഇന്നു രാവിലെയും തുടരുകയാണ്.
വരുംദിവസങ്ങളിലെ വെര്‍ച്വല്‍ക്യൂ ബുക്കിംഗുകളെല്ലാം പൂര്‍ണമാണ്. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
തിരക്ക് കൂടിയതോടെ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലയ്ക്കല്‍, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഘട്ടംഘട്ടമായിട്ടാണ് പമ്ബയിലേക്ക് അയച്ചത്. മരക്കൂട്ടംവരെ നിര നീണ്ടതോടെ പമ്ബയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പമ്പയില്‍ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെ ക്യൂനിന്നാണ് അയ്യപ്പന്മാര് വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയില്‍ പലരും കുഴഞ്ഞുവീണു.
സന്നിധാനം നടപ്പന്തലില്‍ നാല് മണിക്കൂറിലേറെയാണ് പലരും ക്യൂ നില്‍ക്കുന്നത്. മരക്കൂട്ടം പിന്നിടുമ്പോള്‍ തീര്‍ഥാടകരെ ക്യൂ കോംപ്ലക്സില്‍ കയറ്റി വിശ്രമിക്കാന്‍ അനുവദിച്ചശേഷമാണ് തുടര്‍യാത്ര അനുവദിക്കുക.


