ഒറ്റപ്പാലം: വാണിയംകുളത്ത് ജൂവലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ ചിറക്കോട് സുചിതയെയാണ് (30) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സമാനമായ കേസില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇവരെ കോടതി മുഖാന്തരം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി ജൂവലറിയിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. ഒരുകൈകൊണ്ട് മാല നോക്കി, ജീവനക്കാരന്റെ ശ്രദ്ധമാറുമ്പോള്‍ മറുകൈകൊണ്ട് സ്വര്‍ണം മോഷ്ടിക്കുന്നതാണ് രീതി.
4.300 ഗ്രാം തൂക്കംവരുന്ന മാലയാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇതില്‍ പോലീസിന്റെ അന്വേഷണം നടക്കവേയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ സമാനമായ കേസില്‍ യുവതി പിടിക്കപ്പെട്ടതായി കണ്ടെത്തിയത്.
വടക്കഞ്ചേരിക്കും വാണിയംകുളത്തിനും പുറമേ, തൃശ്ശൂര്‍ ഈസ്റ്റ്, ആലത്തൂര്‍ എന്നീ സ്റ്റേഷന്‍പരിധികളിലും മോഷണം നടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറയുന്നു. എല്ലായിടത്തും ജൂവലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് സ്വര്ണമോഷണമെന്നും പോലീസ് കണ്ടെത്തി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ നാലിടങ്ങളില്നിന്നും മോഷ്ടിച്ച സ്വര്‍ണം പട്ടാമ്പിയിലെ ഒരു ജൂവലറിയില്‍ വില്‍പ്പന നടത്തി. ഇവിടെനിന്ന് മൂന്നുപവനിലേറെ പോലീസ് കണ്ടെടുത്തു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.എസ്.പി. യോഗേഷ് മാന്ദയ്യ, ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, എസ്.ഐ. കെ.ജെ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. യുവതിയെ വാണിയംകുളത്തെ ജൂവലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചിരുന്ന യുവതിക്ക് ഇടയ്ക്ക് കുറെയേറെ പണം നഷ്ടമായിരുന്നു. ഇതില്‍ ആകെ ആകുലപ്പെട്ട യുവതി ആ നഷ്ടം നികത്താനാണ് മോഷ്ടിച്ചതെന്നാണ് പോലീസിന് നല്കിയ മൊഴി.


