പാലക്കാട്: കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ കടന്നു പോകുകയായിരുന്നു. സാന്ദ്രയ്ക്ക് സ്കൂട്ടര്‍ ഓടിക്കുന്നതിനുള്ള സൈഡ് പോലും ലഭിച്ചില്ല. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് സാന്ദ്ര രക്ഷപെട്ടത്.
എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. വാഹനം ഒതുക്കിയെങ്കിലും, തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.
തുടര്‍ന്ന് ബസ് ഡ്രൈവറോട് സാന്ദ്ര മരണപ്പാച്ചിലിനെ കുറിച്ച് ചോദിച്ചെങ്കിലും ഡ്രൈവറുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അയാള്‍ ചെവിയില്‍ വെച്ചിരുന്ന ഇയര്‍ ഫോണ്‍ പോലും മാറ്റാന്‍ തയാറായില്ലെന്ന് സാന്ദ്ര പറഞ്ഞു.


