പാലക്കാട്: കറുപ്പ് വസ്ത്രം ധരിച്ച നാല് പെണ്‍കുട്ടികളെത്തി ബലമായി പിടി കൂടി ദ്രാവകം കഴിപ്പിച്ചെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചടക്കമുള്ളവര് പരിശോധന നടത്തി. പരിശോധനകള്‍ക്കൊടുവില്‍ അതിനുള്ള സാധ്യതകള്‍ തള്ളിയതോടെയാണ് നാടിന്റെയും അധികൃതരുടെയും ആശങ്കകള്‍ മാറി.
സംഭവം ഇങ്ങനെ
ബുധനാഴ്ച 9.14നാണ് പത്തിരിപ്പാല ഗവ. വൊക്കേഷണല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥിനി പരീക്ഷക്കെത്തിയത്. തുടര്‍ന്നാണ് തന്നെ കറുത്ത ചുരിദാര്‍ ധരിച്ച നാല് പേര് വന്ന് പിടികൂടി കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കഴിപ്പിച്ചെന്നായിരുന്നു കരഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥിനി തന്നെ സമീപത്തെ കടയിലെത്തി രക്ഷിതാവിനെ ഫോണില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാവും സ്കൂള്‍ അധികൃതരും പിടിഎയും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയും എത്തിച്ചു. മങ്കര പൊലീസും വനിതാ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്കൂളിലെത്തി അന്വേഷണം നടത്തി. ഒറ്റപ്പാലം ആശുപത്രിയിലെ ഡോക്ടറോട് മങ്കര പൊലീസ് അന്വേഷിച്ചു. പരസ്പര വിരുദ്ധമായ വാക്കുകളാണ് വിദ്യാര്‍ത്ഥിനി പറയുന്നതെന്നും ഒരു ദ്രാവകവും അകത്ത് ചെന്നിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു, ഡോക്ടര്‍ ഇക്കാര്യം വിശദീകരിച്ചതോടെയാണ് ആശങ്കകള്‍ മാറിയത്. സിസിടിവിയും പരിശോധിച്ചു. വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെയുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിനിയുള്ളത്. പൊലീസ് അന്വേഷണം തുടരുന്നുണ്ട്.


