മലപ്പുറം: നവകേരള സദസില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കും.കെ എസ് യുവും എബിവിപിയും തിരൂരങ്ങാടി ഡിഇഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംഎസ്എഫ് സംഘടിപ്പിച്ച ഡിഇഒ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഓരോ സ്കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.നവകേരള സദസില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്തെത്തിയിരുന്നു.
നവകേരള സദസില്‍ നിര്‍ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഇഒ പറഞ്ഞു. നവകേരള സദസ് കുട്ടികള്‍ക്ക് ഒരു അനുഭവമായിരിക്കും. പഠനത്തിന്റെ ഭാഗമായി അവരെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു വിശദീകരണം.